Thursday, July 1, 2010

രാജാവ് തിരിച്ചുവരുന്നു




















ബ്രസീല്‍ ചിലിയെ തോല്‍പ്പിച്ച മത്സരം കണ്ടുകൊണ്ടിരിക്കെ പെലെ കളിയിലേക്ക് കടന്നുവന്നു-റൊബീന്യോയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍! ആത്മാക്കളുടെ ഒത്തുചേരല്‍ പോലെ അജ്ഞാതവും അദൃശ്യവുമായ ഒരു സംഗമം. പിന്നെ മൈതാനത്ത് റൊബീന്യോ സഞ്ചരിച്ചത് സ്വര്‍ണച്ചിറകുകള്‍ വീശിയായിരുന്നു. അയാളുടെ വഴികളില്‍ സര്‍ഗാത്മകമായ ഒരു നീക്കത്തിന്റെ ഗണിതസൂത്രങ്ങള്‍ പൂത്തുനിന്നു. എപ്പോഴും പിറക്കാവുന്ന ഗോള്‍ പോലെ ഒരു പന്ത് അയാളുടെ കാലില്‍ ആജ്ഞ കാത്ത് കുരുങ്ങിക്കിടന്നു. എതിരാളിയുടെ മൈതാനത്ത് അയാള്‍ ശൂന്യസ്ഥലങ്ങള്‍ സൃഷ്ടിച്ചു. പന്തിനെ അവിടേക്ക് ആവാഹിച്ചുവരുത്തി. ശത്രുവിനെ അസ്വസ്ഥനാക്കിയും ആരാധകരെ വ്യാമുഗ്ധരാക്കിയും അയാളങ്ങിനെ മേഞ്ഞുനടന്നു. ഇടയ്ക്ക് മേഘമാലകളില്‍ നിന്നെന്ന പോലെ ഒരു മിന്നല്‍ ഗോള്‍ ചീന്തിയെടുത്തു.

കക്കായും പെലെയും!
ഇതാ പെലെ, അതെ.. പെലെ തന്നെ! ദൈവമേ, ഇവന്‍ പെലെയെ ഓര്‍മിപ്പിക്കുന്നു-റൊബീന്യോയുടെ കളി നേരില്‍ കണ്ടു കൊണ്ടിരുന്ന ഒരു ബ്രസീലിയന്‍ സി.എന്‍.എന്നിന്റെ വേള്‍ഡ് കപ്പ് ട്വിറ്ററില്‍ ആവേശത്തോടെ കുറിച്ചു. കളി മുന്നേറുന്നതിനൊപ്പം റൊബീന്യോയും വളരുകയായിരുന്നു. കക്കായുമൊത്ത് ഫാബിയാനോയുടെ ചിറകുകള്‍ പോലെ അപ്പുറവും ഇപ്പുറവുമായി സഞ്ചരിച്ചു. എതിരാളികള്‍ ഗ്രൗണ്ടിലെവിടെയും അയാളെ മാത്രം കണ്ടു. അത്ഭുതകരമായ അയാളുടെ പെഡലാഡകളൊന്നും (മാസ്മരികമായ ഡ്രിബ്ലിങ്ങുകള്‍) ഇന്നലെ ഉണ്ടായില്ല. പക്ഷെ അദൃശ്യസാന്നിധ്യം പോലെ അയാള്‍ ഗോളിനടുത്ത് എപ്പോഴും ഉണ്ടായിരുന്നു. ബോക്‌സിനു പുറത്തു നിന്ന് ആകര്‍ഷകമായ ആംഗിളില്‍ ഒരു ഗോള്‍ അയാള്‍ വളച്ചടിച്ചപ്പോള്‍ മറ്റൊരാളുടെ ട്വീറ്റ്: പെലെയും കക്കായും ചേര്‍ന്നാണ് കളി. ഇനി കപ്പ് ബ്രസീലിനു തന്നെ. താഴ്ത്തിയടിച്ച മറ്റൊരു ആംഗുലര്‍ ഷോട്ട് ക്ലോഡിയോ ബ്രാവോ കഷ്ടപ്പെട്ട് രക്ഷിച്ചപ്പോള്‍ ഒരു ഗോള്‍ നഷ്ടപ്പെട്ടു. മറ്റൊരു ശ്രമം ഓഫ്‌സൈഡ് കൊടിയില്‍ കുടുങ്ങുകയും ചെയ്തു. റൊബീന്യോയുടെ ഗോളുകളുടെ എണ്ണം ഒന്നില്‍ ഒതുങ്ങിയെങ്കിലും മാന്‍ ഓഫ് ദ മാച്ച് ആര്‍ക്കു കൊടുക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.

അദൃശ്യനായ രാജാവ്

റൊബീന്യോ ഫോം വീണ്ടെടുക്കുമ്പോള്‍ ബ്രസീല്‍ ക്യാമ്പില്‍ മാത്രമല്ല, ലോകമെങ്ങും ആഹ്ലാദം ഉണരുന്നുണ്ട്. കാരണം ലളിതം. കാല്‍പ്പനികമായ പഴയ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ അവസാനത്തെ കണ്ണികളിലൊരാളാണ് അയാള്‍. കളി കൊണ്ടും ജീവിതം കൊണ്ടും റൊബീന്യോ പെലെയുടെ വംശാവലിയിലാണ് വരിക. അയാളുടെ കളിക്ക് ദുംഗയുടെ കൂച്ചുവിലങ്ങുകളേക്കാള്‍ സന്റാനയുടെ മദംപൊട്ടുന്ന സ്വാതന്ത്ര്യമാണ് ചേരുക. കെട്ടുപൊട്ടിക്കാന്‍ വെമ്പുന്ന ഒരു സര്‍ഗാത്മകത അയാളിലുണ്ട്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ കാര്‍ക്കശ്യങ്ങളില്‍ സാധിക്കാതെ പോയ അയാളുടെ ആത്മപ്രകാശനമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മെസ്സിക്കും ക്രിസ്റ്റിയാനോക്കും റൂണിക്കും വിയക്കും കക്കായ്ക്കും പിറകെ പോയ ലോകമാധ്യമങ്ങള്‍ റൊബീന്യോ മോശം ഫോമിലാണെന്നു സ്ഥാപിക്കാന്‍ മത്സരിച്ചതും ഒരു കണക്കില്‍ അയാള്‍ക്കു നന്നായി. സമ്മര്‍ദ്ദമില്ലാത്ത റൊബീന്യോയെ ഇംഗ്ലീഷ് ലീഗിലോ റയല്‍ നിരയിലോ നാം കാണില്ല. എന്നാല്‍ ഇതാ, ബ്രസീല്‍ നിരയിലെ മഞ്ഞക്കുപ്പായത്തില്‍ വരുമ്പോള്‍ അവന്‍ പെലെയുടെ രണ്ടാം ജന്മമാകുന്നു. എതിരാളികള്‍ ഇനി അസ്വസ്ഥരാവാതെ വയ്യ. റൊബീന്യോ ഫോമിലായാല്‍ ബ്രസീലിന് 12 കളിക്കാരാവും. അയാളില്‍ പഴയ കറുമ്പന്‍ രാജാവിന്റെ ആയിരം ഗോളുകള്‍ നേടിയ കാലുകള്‍ അദൃശ്യമായി പ്രവര്‍ത്തിക്കും.52 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയ കറുത്തു മെല്ലിച്ച ആ യുവാവിന്റെ പരകായപ്രവേശം പൊടുന്നനെ ഇയാളില്‍ ഫുട്‌ബോള്‍ ലോകം കാണുന്നു. കളിയിലെ കലി ബാധിക്കുമ്പോള്‍ പെലെയെപ്പോലെ റൊബീന്യോവും ഒരു നര്‍ത്തകനാവുന്നു.

പെലെ കണ്ടെത്തിയ കുട്ടി

പെലെയാണ് റൊബീന്യോവിനെ കണ്ടെത്തിയത്. സാന്റോസില്‍ നിന്നു പിണങ്ങി നില്‍ക്കുകയായിരുന്ന പെലെ സെലക്ടറായി തിരിച്ചെത്തിയ വര്‍ഷമാണ് റൊബീന്യോ അവിടെ സെലക്ഷനു പോയത്. കൊച്ചു റോബിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ പെലെ പറഞ്ഞു. ഇവന്‍ എന്നെപ്പോലെയുണ്ട്. അവന്റെ പന്തടക്കവും വൈവിധ്യവും അത്ഭുതവിദ്യകളും ഒറ്റ നോട്ടത്തില്‍ പെലെക്കു ബോധ്യപ്പെട്ടു. തന്റെ ദൈന്യതയാര്‍ന്ന ബാല്യകാലരൂപവും പെലെ അവനില്‍ ദര്‍ശിച്ചു. വിയര്‍പ്പോടെ ആശ്ലേഷിച്ചു കൊണ്ട് കാറ്റു നിറഞ്ഞ പന്തിന്റെ അത്ഭുതം കലര്‍ന്ന രസവിദ്യ അയാള്‍ അവനു പറഞ്ഞു കൊടുത്തു. പന്തിനെ രണ്ടു പ്രാവശ്യം തൊടണം. ആദ്യത്തെ ടച്ച്, നിര്‍ത്താനും ഇഷ്ടമുള്ളിടത്തേക്ക് നീക്കാനും. രണ്ടാമത്തേത് അത് നിയന്ത്രണത്തില്‍ തന്നെ എന്ന് ഉറപ്പാക്കാന്‍. രണ്ടിലധികം തൊടുന്നത് കഴിവു കുറഞ്ഞവരോ ആത്മവിശ്വാസം കൂടിയവരോ ആണ്. പന്തിനെ പേടിക്കാനോ അവമതിക്കാനോ പാടില്ല. റൊബീന്യോവിന്റെ അച്ഛനെയും പെലെ വളിച്ചുവരുത്തി. വിറച്ചുവിറച്ചാണ് അയാള്‍ ചെന്നത്. ഇവനു ഭക്ഷണം കൊടുക്കാത്തതെന്തെന്നു ചോദിച്ചുകൊണ്ട് മൈതാനത്തു നിന്ന് കയറിവന്ന് പെലെ അയാളെ ആലിംഗനം ചെയ്തു. ഇവനെ കാണുമ്പോള്‍ ഞാന്‍ എന്നെ ഓര്‍ക്കുന്നു. എനിക്കും അന്നു ഭക്ഷണം കിട്ടിയിരുന്നില്ല. പെലെ പറഞ്ഞു. ഇവനു ഭക്ഷണം കൊടുക്കുക. ഇവന്‍ എന്നേക്കാള്‍ വലുതാവും. റൊബീന്യോ ഒന്നും മറന്നിട്ടില്ല. അയാളുടെ കൈയില്‍ എപ്പോഴുമുള്ള വസ്തുക്കളിലൊന്ന് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ്. 1950കളിലെ പ്രശസ്തമായ സാന്റോസ് ടീമിന്റെ ഫോട്ടോ. അതില്‍ പെലെ ചിരിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്.

നര്‍ത്തകന്‍, മാന്ത്രികന്‍

ബ്രസീലിലെ ദരിദ്രരായ എല്ലാ കുട്ടികളുടെയും സ്വപ്നം ഒരു നാള്‍ സാന്റോസിനു കളിക്കുക എന്നതാണ്. പെലെ കളിച്ച ടീമാണ് അത്. ബ്രസീലിലെ പാവപ്പെട്ടവന്റെ ക്ലബ്ബ്. വര്‍ഷങ്ങള്‍ക്കു ശേഷം സാന്റോസിനെ ലീഗ് ചാമ്പ്യന്മാരാക്കിയതോടെ പെലെയെപ്പോലെ റൊബീന്യോവും സാവോപോളോവിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ വീരഗാഥയായി. പെലെയുമായുള്ള താരതമ്യങ്ങള്‍ ബ്രസീലിലെ നിരന്തര ചര്‍ച്ചകളായി. എന്നാല്‍ സത്യത്തില്‍ പെലെയെക്കാള്‍ ഗാറിഞ്ചയോടാണ് അവനു സാമ്യം. എതിരാളികളെ അസ്ത്പ്രജ്ഞരാക്കുന്ന പെലെയുടെ ഗോളുകളല്ല, അപമാനിതരാക്കുന്ന ഗാറിഞ്ചയുടെ നൃത്തച്ചുവടുകളാണ് അവനിഷ്ടം. ഗാറിഞ്ചയുടെ ജിഞ്ചാ നൃത്തമാണ് അവനിലുള്ളത്്. അതിന്റെ സംസ്‌കരിച്ചെടുത്ത പുതിയ രൂപം. അതിന്റെ പൂര്‍ണത. യൂറോപ്പ് അവനില്‍ കുറച്ചു കരുത്തു കൂടി നിറച്ചു. പെലെയും ഗാറിഞ്ചയും അങ്ങിനെ അവനില്‍ ഇപ്പോള്‍ സമ്മേളിച്ചിരിക്കുന്നു. മെലിഞ്ഞു ശോഷിച്ച, ദുര്‍ബലനായ ആ പഴയ റൊബീന്യോവല്ല ഇന്നലെ ബ്രസീലിനെ മുന്നില്‍ നിന്നു നയിച്ചത്.

ദേശീയ ടീമില്‍ എത്തുമ്പോള്‍ റൊബീന്യോക്ക് പെലെയെക്കാള്‍ രണ്ടു വയസ്സ് കൂടുതലായിരുന്നു. രാജാവ് 17-ാം വയസ്സില്‍ ടീമിലെത്തി, 1958ലെ ലോകകപ്പു കളിച്ചു. 19-ാം വയസ്സില്‍, 2003ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ അരങ്ങേറിയ റോബി 22-ാം വയസ്സില്‍ 2006 ലാണ് ലോകകപ്പു കളിച്ചത്. വാവ, ദിദ, ഗാരിഞ്ച എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പെലെ ബ്രസീലിനെ ചാമ്പ്യന്മാരാക്കി. 2006ല്‍ കക്ക, റൊണാള്‍ഡോ, റൊണാള്‍ഡീന്യോ, അദ്രിയാനോ എന്നിവര്‍ക്കൊപ്പം റൊബീന്യോ കപ്പുമായി വരുമെന്ന് ബ്രസീലുകാര്‍ വിശ്വസിച്ചു. ബ്രസീല്‍ തോറ്റു മടങ്ങി. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ആ സമയം വന്നു എന്നാണോ റൊബീന്യോയുടെ കളി നമ്മോടു പറയുന്നത്? കാത്തിരിക്കുക..

കളി ഒരു സര്‍ഗസൃഷ്ടി

റൊബീന്യോ സാധാരണ ഫുട്‌ബോളറല്ല. മൈതാനത്ത് അവന്‍ വരക്കുന്ന ആരങ്ങളും ചതുരങ്ങളും വര്‍ത്തുളചാപങ്ങളും അവന്റെ ശരീരവും കാറ്റു നിറച്ചൊരു പന്തും തമ്മിലുള്ള ഗാഢപ്രണയത്തിന്റെ സൃഷ്ടിയാണ്. അവന്‍ പന്തു പാസ് ചെയ്യുന്നത് മറ്റൊരു കളിക്കാരനിലേക്കല്ല. ഭാവിയിലെ ഒരു ബിന്ദുവിലേക്കാണ്. പോയിന്റോ ഫ്യൂച്ചൂറോ എന്നാണതിനു ബ്രസീലില്‍ പറയുക. പുതിയൊരു പിറവിയുടെ ശൂന്യതയിലേക്ക്. അവന്റെ കാലില്‍ നിന്ന് പാസ് പുറപ്പെടുമ്പോള്‍ ആ സ്ഥാനത്ത് ഒരു കളിക്കാരന്‍ ഇല്ല. അവിടെ ഉണ്ടായി വരും. അതില്‍ നിന്നൊരു പുതിയ നീക്കം രൂപപ്പെടും. അതു തടയാന്‍ എതിരാളികള്‍ക്കു കഴിയില്ല. അതു കാണാന്‍ ഉള്‍ക്കണ്ണു വേണം. അതില്‍ എപ്പോഴും ഒരു ഗോള്‍ സാധ്യത ഉണ്ട്. അവന്റെ ഓരോ നീക്കവും ഓരോ സൃഷ്ടിയാണ്. ഭാവിയെ അവന്‍ സൃഷ്ടിക്കുന്നു. നിര്‍ണ്ണയിക്കുന്നു. റൊബീന്യോ കളിക്കുകയല്ല, കളിയെ വ്യാഖ്യാനിക്കുകയാണ്. അവന്‍ കളിക്കാരനല്ല,കലാകാരനാണ്.

No comments:

Post a Comment